രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളം, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു-കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, പ്രളയബാധിതമായ അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും തുടരുകയാണ്.
കേരളത്തിൽ വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കാൻ കാരണമായത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




