മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായതോടെയാണ് ഇന്ന് രാവിലെ ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കൽ ആരംഭിച്ചത്.
മണ്ണിനൊപ്പം പാറക്കല്ലുകളും മരങ്ങളും റോഡിലേക്ക് വീണതിനാൽ നീക്കം ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ഫയർഫോഴ്സ് സംഘം അറിയിക്കുന്നത്. മണ്ണ് പൂർണമായും നീക്കം ചെയ്താലും വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പിന്നീട് മാത്രമേ തീരുമാനമെടുക്കൂവെന്ന് നഗരസഭ ചെയർപേഴ്സൺ റിനിഷ അറിയിച്ചു.
അതേസമയം, സ്ഥല ഉടമയായ ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. താൻ ആരുടെയും ബിനാമിയല്ലെന്നും കാർ സർവീസ് സെന്റർ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും സ്ഥല ഉടമ നൗഫൽ പ്രതികരിച്ചു. ജൂൺ അഞ്ച് മുതൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
കുന്നിൻ മുകളിൽ നിന്ന് ഇപ്പോഴും വെള്ളം ഒഴുകിയെത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.




