തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു. നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് ആരംഭിച്ച രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട–വട്ടിയൂർക്കാവ്–മലമുകൾ റൂട്ടിലേക്കും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം, കുന്നുകുഴി മേഖലകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട–കണ്ണമ്മൂല–മെഡിക്കൽ കോളേജ്–ചെമ്പഴന്തി–പോത്തൻകോട് റൂട്ടിലേക്കുമാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റൂട്ടുകൾ അനുവദിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
പേരൂർക്കട, വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പേരൂർക്കട ഡിപ്പോയിൽ ഒമ്പത് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളും ജീവനക്കാർക്കായുള്ള വിശ്രമകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള നവീകരണ പദ്ധതികളും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികാസ് ഭവൻ ഡിപ്പോയുടെ വികസനത്തിനായി പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കി മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിലും നഗരത്തിൽ കൂടുതൽ പ്രിയദർശിനി സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം.




