സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപ്പനശാലകളിൽ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ പൂട്ടാൻ നിർദ്ദേശം നൽകിയതായും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗം ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാൻ വലിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉടനടി പൂട്ടിക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കടകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുത്. പൂർണ്ണമായും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ച വെള്ളം മാത്രമേ പൊതുജനങ്ങൾക്ക് നൽകാവൂ എന്നും ആരോഗ്യവിഭാഗം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വയറിളക്കം, പനി, ശക്തമായ വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലാത്തതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.




