സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. രോഗം ബാധിച്ചുകഴിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ ‘പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗ്ഗം’ എന്ന തത്വം നാമെല്ലാവരും കർശനമായി പാലിക്കേണ്ടതുണ്ട്. വൈറസ് വ്യാപനം തടയാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നിർബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. വ്യക്തിശുചിത്വവും സമ്പർക്ക വിലക്കും
- കൈകളുടെ ശുചിത്വം: പുറത്തുപോയി വരുമ്പോഴും ഭക്ഷണത്തിന് മുൻപും കൈകൾ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകാൻ ശ്രദ്ധിക്കണം.
- സമ്പർക്കം ഒഴിവാക്കുക: നിപ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായോ രോഗബാധിതരുമായോ നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.
- മാസ്കും ഗ്ലൗസും: പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ നിർബന്ധമായും മാസ്കും ഗ്ലൗസുകളും ധരിക്കാൻ ശ്രദ്ധിക്കണം.
- മൃഗങ്ങളുമായുള്ള സമ്പർക്കം: വവ്വാലുകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളുമായി ഈ സാഹചര്യത്തിൽ കൂടുതൽ ഇടപഴകുന്നത് പൂർണ്ണമായും ഒഴിവാക്കുക.
2. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ
- പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുൻപ് നല്ലതുപോലെ കഴുകി വൃത്തിയാക്കണം.
- മരത്തിൽ നിന്നും നേരിട്ട് വീണുകിടക്കുന്നതോ വവ്വാലുകളോ മറ്റ് പക്ഷികളോ കടിച്ചതോ ആയ പഴങ്ങൾ ഒരുകാരണവശാലും കഴിക്കരുത്. ഫ്രഷല്ലാത്ത പഴങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
3. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഭക്ഷണക്രമീകരണം
വൈറസിനെതിരെ പോരാടാൻ ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി നൽകേണ്ടത് അനിവാര്യമാണ്.
- പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, മറ്റ് മിനറലുകൾ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുക.
4. വെള്ളവും വിശ്രമവും വ്യായാമവും
- ധാരാളം വെള്ളം കുടിക്കുക: ശരീരത്തിൽ നിർജ്ജലീകരണം (Dehydration) ഉണ്ടാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും ധാരാളം വെള്ളം കുടിക്കുക.
- നല്ല ഉറക്കം: ആരോഗ്യകരമായ ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് ശരീരത്തിന് ലഭിക്കുന്ന വിശ്രമവും. പ്രതിരോധ ശേഷി കൃത്യമായി നിലനിൽക്കാൻ ദിവസവും നല്ല ഉറക്കം ആവശ്യമാണ്.
- വ്യായാമം: ശരീരം എപ്പോഴും ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ലളിതമായ വ്യായാമങ്ങൾ ശീലമാക്കുക.
5. ലഹരിവസ്തുക്കൾ ഒഴിവാക്കുക
നിരന്തരമായി പുകവലിക്കുന്നതും മദ്യപിക്കുന്നതും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കും. അതിനാൽ പകർച്ചവ്യാധി ഭീതിയുള്ള ഈ സാഹചര്യത്തിൽ അമിതമായ മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണം.
ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.




