ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിക്കാനിരിക്കെയാണ് നീക്കം. ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ പ്രതിനിധിയായി നാമനിർദേശം ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവുണ്ടായത്.
നേരത്തെ നടന്ന സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) തിരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ നാമനിർദേശം ചെയ്തത്. 30 അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾക്ക് ജനറൽ അസംബ്ലിയിലേക്ക് രണ്ടുപേരെ വീതം നിർദേശിക്കാനാണ് അവസരം.
അതേസമയം, പി.ടി. ഉഷയെ ഒഴിവാക്കി മുൻ പ്രസിഡന്റ് ആദിൽ സുമരിവാലയെയും ജ്യോതിർമയി സിക്കന്ദറിനെയുമാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തത്. ഇതോടെയാണ് ഐസ് ഹോക്കി അസോസിയേഷൻ വഴി ഉഷ ജനറൽ അസംബ്ലിയിലെത്തിയത്. ഉഷ ഉൾപ്പെടെ 60 പേരാണ് നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിൽ ഇടംപിടിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ലണ്ടൻ ഒളിമ്പിക്സ് മെഡൽ ജേതാവ് ഗഗൻ നാരംഗിന്റെ പേരും നേരത്തെ ഉയർന്നിരുന്നു. എന്നാൽ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റമുണ്ടാകാമെന്നാണ് ദേശീയ ഫെഡറേഷൻ അംഗങ്ങൾ നൽകുന്ന സൂചന.
അതിനിടെ, ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും രംഗത്തെത്തിയിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തതോടെ ഇന്ത്യൻ കായികരംഗത്ത് ഐ.ഒ.എ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുകയാണ്.




