ഇംഫാൽ: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിക്കുന്ന 600ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാല് ജില്ലകളിലായി ആയിരത്തോളം പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ടുകൾ.
ഇംഫാലിലെ ആശുപത്രികളിൽ 12ലധികം പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ഭീതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് ചന്ദേൽ ജില്ലയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായത്.
പരിസരപ്രദേശങ്ങളിലും വ്യാജമദ്യം വിതരണം ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സുഗ്നു, ചപ്കികരോങ്ങ് മേഖലകളിലുൾപ്പെടെ പൊലീസും എക്സൈസും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനയും റെയ്ഡുകളും നടത്തിവരികയാണ്.
വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ ആളുകളിലേക്ക് വിഷമദ്യം എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് നടപടികൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.




