രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിലുണ്ടാകാവുന്ന ജനിതക വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് നിയമനിർമാണ സാധ്യത പരിശോധിക്കണമെന്നാണ് കോടതിയുടെ നിർദേശം. അതേസമയം, വിവാഹം വ്യക്തികളുടെ സ്വകാര്യ തീരുമാനമാണെന്നും അന്തിമ തീരുമാനം വ്യക്തികളുടേതാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമർശം. ബെംഗളൂരുവിൽ നിന്നുള്ള നിയമവിദ്യാർഥിനി ചാർവി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തിൽ കോടതിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ജനിതക രോഗങ്ങൾക്കും ജന്മനാ ഉണ്ടാകുന്ന അവയവ വൈകല്യങ്ങൾക്കും സാധ്യത കൂടുതലാണെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ഹോമോസൈഗോസിറ്റി കൂടുതലായി കാണപ്പെടുന്നതായും ഇത് കാഴ്ച, കേൾവി സംബന്ധമായ വൈകല്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ഹർജിയിൽ പറയുന്നു.
താൻ തന്നെ ഇത്തരമൊരു വിവാഹബന്ധത്തിലൂടെ ജനിച്ച വ്യക്തിയാണെന്നും ഏകദേശം 40 ശതമാനത്തോളം കാഴ്ചവൈകല്യം നേരിടുന്നുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. ആചാരത്തിന്റെ പേരിൽ മാത്രം ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ പ്രകാരം രക്തബന്ധത്തിലെയും സപിണ്ഡ ബന്ധത്തിലെയും വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷയും ബോധവൽക്കരണവും ഉറപ്പാക്കാതെ അനുവദിക്കരുതെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവർക്ക് കൗൺസിലിങ്ങും ഭാവിതലമുറയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നൽകണം. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
വിഷയത്തിൽ അനുകൂലമായ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖയോടെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, വിവാഹം വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വ്യക്തികൾ തന്നെയാണെന്നും കോടതി ഓർമിപ്പിച്ചു. നേരത്തെയും സമാനമായ വിഷയത്തിൽ കോടതി ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.




