ബി.എ തോറ്റ വിദ്യാർത്ഥിനിക്ക് എം.എ വിജയം; കാലടി സംസ്കൃത സർവകലാശാലയിൽ വിചിത്ര സംഭവം. ബിരുദ പരീക്ഷ പാസാകാതെ തന്നെ ബിരുദാനന്തര ബിരുദ കോഴ്സിൽ പ്രവേശനം നേടി എം.എ വിജയിച്ച സംഭവമാണ് സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ പുറത്തുവന്നത്.
2014 മുതൽ 2017 വരെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം സാഹിത്യം പഠിച്ച വിദ്യാർത്ഥിനി കോഴ്സ് വിജയിച്ചിരുന്നില്ല. എന്നാൽ 2017ൽ ഇതേ കേന്ദ്രത്തിൽ തന്നെ എം.എ കോഴ്സിന് പ്രവേശനം നേടുകയും 2019ൽ പരീക്ഷ പാസാകുകയും ചെയ്തു. തുടർന്ന് എം.എയുടെ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വിദ്യാർത്ഥിനി കൈപ്പറ്റുകയും ചെയ്തു.
ബി.എ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വിദ്യാർത്ഥിനി സർവകലാശാലയിലെത്തിയപ്പോഴാണ് പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽ ഈ ക്രമക്കേട് പതിഞ്ഞത്. ഈ വർഷം സെപ്റ്റംബറിൽ ബി.എ അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിനും വിദ്യാർത്ഥിനി അപേക്ഷ നൽകിയിട്ടുണ്ട്.
സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാമർശിച്ചിരിക്കുന്നത്. ബിരുദം പൂർത്തിയാക്കാത്ത വിദ്യാർത്ഥിക്ക് എം.എ പ്രവേശനം നൽകിയത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഓഡിറ്റ് വിഭാഗം സർവകലാശാലയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ സർവകലാശാലയുടെ പ്രവേശന നടപടിക്രമങ്ങളും പരീക്ഷാ വിഭാഗത്തിന്റെ പരിശോധനാ സംവിധാനങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്.




