കൊല്ലം: കാൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം നഷ്ടപ്പെട്ട് വിഷമിച്ച വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽനിന്ന് പണം നൽകി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥൻ. കല്ലമ്പലം സ്റ്റേഷനിലെ എ.എസ്.ഐ അർഷാദും സഹപ്രവർത്തകരുമാണ് കാരുണ്യത്തിന്റെ മാതൃകയായത്. പൊലീസിന്റെ പ്രവൃത്തിക്ക് അഭിനന്ദനപ്രവാഹമാണ്.
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് പരവൂർ സ്വദേശിനിയായ വീട്ടമ്മയുടെ 48,000 രൂപയും വസ്ത്രങ്ങളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ ബാഗ് തിരികെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ച പണം കണ്ടെത്താനായില്ല.
തുടർന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയും സഹോദരനും എ.എസ്.ഐ അർഷാദിനോട് വിഷമം അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.
ഇതോടെ അർഷാദ് സഹപ്രവർത്തകരുടെ സഹായത്തോടെ മൂന്ന് ദിവസംകൊണ്ട് 41,000 രൂപ സമാഹരിച്ചു. തുടർന്ന് പൊലീസുകാർ പരവൂരിലെ വീട്ടിലെത്തി തുക കൈമാറി.
പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായ എ.എസ്.ഐ അർഷാദിനും കല്ലമ്പലം പൊലീസിനും അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. മനുഷ്യത്വവും സഹജീവിസ്നേഹവും ഉയർത്തിപ്പിടിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി നാടിന് മാതൃകയാവുകയാണ്.




