ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു: 17-കാരിക്ക് ഗുരുതര വൃക്കരോഗം; കമ്പനിക്കെതിരെ നിയമനടപടിക്ക് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. ഓൺലൈൻ വഴി വാങ്ങിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയും കുടുംബവും.

മുഖക്കുരുവും മുഖത്തെ കരുവാളിപ്പും മാറ്റി സൗന്ദര്യം വർധിപ്പിക്കുമെന്ന കമ്പനിയുടെ പരസ്യവാഗ്ദാനമാണ് പെൺകുട്ടിയെ ക്രീം വാങ്ങാൻ പ്രേരിപ്പിച്ചത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് ഓൺലൈനായി ക്രീം ഓർഡർ ചെയ്തത്. 15 ദിവസം കൊണ്ട് മുഖകാന്തി വർധിപ്പിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രധാന അവകാശവാദം. നൈറ്റ് ക്രീമായി ഉപയോഗിച്ചിരുന്ന ഉൽപ്പന്നത്തിന്റെ ആദ്യ ബോട്ടിൽ ഫലപ്രദമാണെന്ന് തോന്നിയതോടെ ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ ഉപയോഗിച്ചു.

എന്നാൽ തുടർന്നാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.

മെർക്കുറി ശരീരത്തിലെത്തുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാം. വൃക്കകളിലെ അരിപ്പകളെ തകരാറിലാക്കി മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് കമ്പനിയെ അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ക്രീമിന്റെ കമ്പനിയുടെ പേര് പരസ്യപ്പെടുത്താൻ കുടുംബം തയ്യാറായിട്ടില്ല.

സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങളും അവയിലെ അവകാശവാദങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവമായ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.

Related news

വളാഞ്ചേരി റെയ്ഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ

വളാഞ്ചേരി റെയ്ഞ്ച് സമസ്ത കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ ജനറൽ ബോഡി...

പ്രായപൂർത്തിയാകാതെ വാഹനമോടിക്കൽ; സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം മലപ്പുറത്ത്

മലപ്പുറം: പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ...

വാറന്റി സേവനം നിഷേധിച്ചു; സാംസങ്ങിന് 58,999 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സ്മാർട്ട് വാച്ചിന്റെ തകരാർ പരിഹരിക്കാൻ വാറന്റി സേവനം നിഷേധിച്ച സംഭവത്തിൽ...

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു....