ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി സി.ജെ.പി. നാല് ജില്ലകളിലായി 20 സർക്കാർ സ്കൂളുകളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയത്.
പരിശോധിച്ച ഒൻപത് സ്കൂളുകളിൽ ആറെണ്ണത്തിലും ശുദ്ധമായ കുടിവെള്ള സൗകര്യമില്ല. പത്ത് സ്കൂളുകളിൽ ശൗചാലയങ്ങൾ പ്രവർത്തനരഹിതമാണ്. ഏഴ് സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളായ റാമ്പുകളും പ്രത്യേക ശൗചാലയങ്ങളും അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
12 സ്കൂളുകളിൽ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ലെന്നും എട്ട് സ്കൂളുകളിൽ ലൈബ്രറി സൗകര്യമില്ലെന്നും കണ്ടെത്തി. സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ വിള്ളലുകളും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കുറവും പരിശോധനയിൽ വ്യക്തമായി. ഒരു സ്കൂളിൽ വരാന്തയിലാണ് കുട്ടികൾ പഠനം നടത്തുന്നതെന്നും സി.ജെ.പി വ്യക്തമാക്കി.
ഹാപുർ, മീററ്റ്, സഹാറൻപൂർ, പിലിഭിത്ത് ജില്ലകളിലെ സ്കൂളുകളിലാണ് പരിശോധന നടത്തിയത്.




