തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി സൂചന. ഇക്കാര്യം അറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പത്മജ ഉടൻ കത്ത് കൈമാറിയേക്കും. അണികൾക്കിടയിലെ ആശയക്കുഴപ്പം പരിഹരിച്ച് പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന.
അതേസമയം, പദവികളൊന്നും വാഗ്ദാനം ചെയ്യാതെ പാർട്ടി അംഗത്വം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം. എന്നാൽ പത്മജയെ കോൺഗ്രസിൽ തിരിച്ചെടുക്കുന്നതിൽ നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് പത്മജ കോൺഗ്രസിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലും പത്മജയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ ബിജെപിയിൽനിന്ന് രാജിവെച്ച പത്മജയെ ചേർത്തുപിടിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ.
അതിനിടെ, പത്മജ വേണുഗോപാൽ പാർട്ടി വിട്ടതിൽ ഔദ്യോഗിക പ്രതികരണം നടത്തേണ്ടെന്ന നിർദേശം ബിജെപി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. ബിജെപി നേതൃത്വം പ്രതികരിക്കുന്നതുവരെ ആരും മാധ്യമങ്ങളെ കാണരുതെന്നും നിർദേശമുണ്ട്. പാർട്ടിയുടെ പിആർഒയാണ് ഗ്രൂപ്പിൽ നിർദേശം പങ്കുവെച്ചത്. മാധ്യമങ്ങളോടോ സാമൂഹിക മാധ്യമങ്ങളിലോ വിഷയത്തിൽ പ്രതികരണം നടത്തരുതെന്ന് നിർദേശം ലഭിച്ചതായി പിആർഒ വ്യക്തമാക്കി.




