ബിജെപി വിട്ട് പത്മജ വേണുഗോപാൽ; കടുത്ത അവഗണനയെന്ന് ആരോപണം, ‘തെറ്റ് തിരുത്തുന്നു’വെന്ന് പ്രതികരണം

തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.

ബിജെപി ഉപേക്ഷിക്കുന്ന പത്മജ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് ചില നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, തിരിച്ചുവരവ് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.

കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ട പത്മജ, സ്വന്തം സഹോദരന്‍ കെ മുരളീധരനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിക്കുകയും നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തൃശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളി മന്ദിരത്തിലേക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രവേശനമൊരുക്കിയത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ മുറിവുണ്ടാക്കിയിരുന്നു. പത്മജ തിരികെ കോണ്‍ഗ്രസിലെത്തിയാലും വേഗത്തില്‍ വലിയ പദവികളൊന്നും ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related news

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജനടക്കം 18 പേരെ വെറുതെവിട്ടു

കൊച്ചി: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ്...

കാപ്പ ചുമത്തി; ബാലരാമപുരത്തെ ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടയെ കാപ്പ...

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് വിഷബാധ; മൂന്ന് കുട്ടികളടക്കം ആശുപത്രിയിൽ

പാലക്കാട്: മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന...

ഷുക്കൂർ വധക്കേസ്: നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട...

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും കുറ്റവിമുക്തർ; 13 പ്രതികൾ കുറ്റക്കാർ

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം നേതാക്കളായ...