ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കുടുംബസുഹൃത്തിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഋഷികേശിലെ എയിംസിൽ ചികിത്സയിൽ തുടരുകയാണ്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞാണ് അതിക്രമത്തിനിരയായത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. അടുത്തിടെയാണ് ഇയാൾ ഫാക്ടറിയിൽ ജോലിക്കെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കുഞ്ഞിന്റെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് യുവാവ് താമസസ്ഥലത്തെത്തിയത്. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ എടുത്തു. തുടർന്ന് കുഞ്ഞിനെയും കൊണ്ട് സ്വന്തം മുറിയിലേക്ക് പോയി.
അൽപ്പസമയത്തിനുശേഷം കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ അമ്മ മുറിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഹരിദ്വാർ പൊലീസ് പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.




