ബെംഗളൂരു: മദ്യം വാങ്ങിയ ഉപഭോക്താവിൽ നിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയും പതിച്ച സഞ്ചിക്ക് 20 രൂപ ഈടാക്കിയ സംഭവത്തിൽ മദ്യഷോപ്പിന് തിരിച്ചടി. ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. സഞ്ചിക്ക് നൽകിയ 20 രൂപയും 3,000 രൂപ കോടതി ചെലവും ഉൾപ്പെടെ ആകെ 8,020 രൂപ നൽകാനാണ് നിർദേശം.
2025 ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലെ കസ്തൂർബ റോഡിലുള്ള മദ്യഷോപ്പിൽ നിന്ന് 2,170 രൂപയ്ക്ക് മദ്യം വാങ്ങിയ ഉപഭോക്താവ് കുപ്പികൾ കൊണ്ടുപോകുന്നതിനായി സഞ്ചി ആവശ്യപ്പെട്ടു. തുടർന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയും പതിച്ച കവർ ജീവനക്കാർ നൽകുകയും ഇതിനായി 20 രൂപ ഈടാക്കുകയും ചെയ്തു.
സ്ഥാപനത്തിന്റെ പരസ്യം പതിച്ച സഞ്ചിക്ക് പണം നൽകാനാവില്ലെന്ന് ഉപഭോക്താവ് അറിയിച്ചെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. ഇതോടെ മറ്റ് മാർഗമില്ലാതെ 20 രൂപ നൽകി സഞ്ചി വാങ്ങുകയായിരുന്നു.
തുടർന്ന് ജൂൺ 17ന് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചു. 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. പരാതി പരിഗണിച്ച കമ്മീഷൻ സഞ്ചിക്ക് ഈടാക്കിയ 20 രൂപ തിരികെ നൽകാനും 5,000 രൂപ നഷ്ടപരിഹാരമായും 3,000 രൂപ കോടതി ചെലവായും നൽകാൻ ഉത്തരവിടുകയായിരുന്നു.
സ്ഥാപനത്തിന്റെ പരസ്യം പതിച്ച സഞ്ചിക്ക് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കിയ സംഭവത്തിലാണ് കമ്മീഷന്റെ നടപടി.




