തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യതയില്ലെന്ന് സൂചന. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കിയതോടെ വിവാദം അവസാനിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാർ സംവിധാനങ്ങളിൽ സംഘപരിവാർ ഇടപെടലുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ വിവാദം കൂടുതൽ നീളാതെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പെന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ നേരത്തെയും സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും ഇത്തരം പരിപാടികൾക്ക് അനുമതി നൽകാറുണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ആർ.എസ്.എസിന്റെ ആശയപരമായ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ബാലഗോകുലം. ബാലഗോകുലം പുറത്തിറക്കുന്ന മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘യങ് സ്കോളർ എക്സാം’ എന്ന പേരിൽ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് പരീക്ഷ നടത്താനുള്ള നീക്കം നടന്നതെന്ന വിവാദവും ഇതോടെ ശക്തമായി. പിന്നാലെയാണ് പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സ്കോളർഷിപ്പ് പരീക്ഷയുടെ നടത്തിപ്പും അതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ തുടർനടപടികൾ സംബന്ധിച്ച നിർദേശങ്ങളുണ്ടാകുക.




