കോട്ടയം: സഭകൾക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്ത് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ. കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളിയിൽ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിലായിരുന്നു പാത്രീയർക്കീസ് ബാവയുടെ ആഹ്വാനം.
സഭാ തർക്കങ്ങൾക്കിടയിൽ ഇന്ന് രാവിലെയാണ് പാത്രീയർക്കീസ് ബാവ മണർകാട് പള്ളിയിലെത്തിയത്. കുരുത്തോലകൾ ഉയർത്തി യാക്കോബായ സഭാ വിശ്വാസികൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. തുടർന്ന് പാത്രീയർക്കീസ് ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
സഭയുടെ നിലനിൽപ്പിന് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്ന് പാത്രീയർക്കീസ് ബാവ പറഞ്ഞു. ഒരു ഇടയനുള്ള ഒറ്റസഭയായി നിലകൊള്ളാൻ വിശ്വാസികൾ തീരുമാനിക്കണം. അതിനായി എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സഭാ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ്രശ്നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും നല്ല ലക്ഷ്യത്തോടെ സമാധാനത്തിനായി എല്ലാവരും ശ്രമിക്കണമെന്നും പാത്രീയർക്കീസ് ബാവ പറഞ്ഞു.
അതിനിടെ, സഭകൾ തമ്മിലുള്ള ചർച്ചയ്ക്കായി ദേവലോകം അരമനയിലേക്ക് ക്ഷണിച്ച ഓർത്തഡോക്സ് സഭയ്ക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാവ മറുപടി നൽകി. ചർച്ച പരുമല പള്ളിയിൽ വെച്ച് നടത്താമെന്നാണ് കാതോലിക്കാ ബാവയുടെ നിർദേശം.
ഓർത്തഡോക്സ് സഭയുടെ എതിർപ്പുകൾക്കിടെയായിരുന്നു പാത്രീയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം. സഭകൾക്കിടയിലെ തർക്കങ്ങൾക്കിടയിൽ ഐക്യത്തിനും സമാധാനത്തിനുമുള്ള ആഹ്വാനമായാണ് പാത്രീയർക്കീസ് ബാവയുടെ പ്രസംഗം ശ്രദ്ധ നേടുന്നത്.




