കൊച്ചി: വൻ മയക്കുമരുന്ന് കടത്ത് കേസിലെ മുഖ്യ ആസൂത്രകനായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയ് (39) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഡാൻസറായ ഇയാൾ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ബുദ്ധികേന്ദ്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2024 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, രണ്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആലുവ ചാലയ്ക്കൽ തോട്ടുമുഖം സ്വദേശി ആസാദ് (38), മലപ്പുറം തിരൂരങ്ങാടി സ്വദേശി ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് എന്ന ജുമാഞ്ചിയെയും (32) ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടി.
മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള ആസൂത്രണവും ഏകോപനവും നടത്തിയിരുന്നത് ലിജോ ജോയിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംശയം ഒഴിവാക്കാൻ സാമ്പത്തിക ഇടപാടുകൾ ജുമാഞ്ചി മുഖേനയായിരുന്നു നടത്തിയിരുന്നത്. മയക്കുമരുന്ന് എത്തിക്കുന്നവർ ഡ്രോപ്പ് ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറുകയും ഇയാൾ അത് ലിജോയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ അരുൺ രാജ്, അഭിജിത്, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




