എറണാകുളം: പറവൂർ പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണ് വാർഡ് മെമ്പർക്കും മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു. രണ്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ചില്ലുകൾ തെറിച്ചുവീണ് നിസാര പരിക്കേറ്റത്. പരിക്കേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയച്ചു. വാർഡ് മെമ്പർ മേരി റാഫേലിനും അപകടത്തിൽ പരിക്കേറ്റു.
സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫാണ് തകർന്നുവീണത്. ഒരാഴ്ച മുൻപാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. രാവിലെ 9.50ഓടെ സ്കൂൾ അസംബ്ലിക്ക് തൊട്ടുമുൻപായിരുന്നു അപകടം.
ഗ്ലാസ് റൂഫിന്റെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ മേരി റാഫേൽ ആരോപിച്ചു. നേരത്തെ തന്നെ രണ്ട് ചില്ലുകൾ പൊട്ടിയിരുന്നുവെന്നും നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകാനിരിക്കെയാണ് അപകടമുണ്ടായതെന്നും അവർ പ്രതികരിച്ചു.
നിർമാണത്തിലെ അപാകത സംബന്ധിച്ച് രക്ഷിതാക്കളും നേരത്തെ ആശങ്ക ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗ്ലാസ് റൂഫ് തകർന്നുവീണത്. സംഭവത്തിൽ കൂടുതൽ പരിശോധനയും നടപടികളും ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.




