ആലപ്പുഴ: മാവേലിക്കരയിൽ ഒന്നരവയസുകാരിയെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരകൃത്യം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാതാവിന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ പിതാവ് ഓടിയെത്തി എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.
കുഞ്ഞിനെ മാതാപിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുഞ്ഞ് കളിക്കുന്നതിനിടെ മുറ്റത്ത് വീണതാണെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ വിശദീകരണം. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ തല ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.
തുടർന്ന് പൊലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പിതാവ് കുറ്റം സമ്മതിച്ചതെന്നാണ് വിവരം. കുഞ്ഞിന്റെ മൂത്ത സഹോദരിയെയും ഇയാൾ ആക്രമിച്ചതായും സൂചനയുണ്ട്.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




