തിരുവനന്തപുരം: അനാസ്ഥയുടെ കേന്ദ്രമായി പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലാണ് പൂച്ചകളുടെയും എലികളുടെയും ശല്യം രൂക്ഷമായിരിക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും പൂച്ചകളെയും ചത്ത എലിയെയും മാറ്റിയ ശേഷമാണ് കിടക്കകൾ ഉപയോഗിക്കേണ്ട ദുരവസ്ഥ.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ഈ ഗുരുതര സാഹചര്യം. എന്നാൽ അധികൃതർ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ മാറ്റിയിരുന്നത് ഈ കെട്ടിടത്തിലേക്കായിരുന്നു. എന്നാൽ കിടക്കകളിൽ പൂച്ചകളും ചത്ത എലിയും കണ്ടെത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും മടിക്കുകയാണ്.
സംഭവത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആശങ്ക രേഖപ്പെടുത്തി. കാഴ്ച സങ്കടകരമാണെന്നായിരുന്നു അവരുടെ പ്രതികരണം.
ആശുപത്രിക്കുള്ളിലെ ശുചിത്വമില്ലായ്മയ്ക്ക് പുറമെ ആശുപത്രി പരിസരത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. രോഗികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയിൽ പോലും ഇത്തരം ദുരവസ്ഥ തുടരുന്നത് ഗൗരവത്തോടെ കാണണമെന്നാണ് ഉയരുന്ന ആവശ്യം.




