മലപ്പുറം: ലഹരിക്കേസിൽ പിടിയിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ.ടി. ജലീൽ. പതിനഞ്ചോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് തനിക്കെതിരെ വ്യാജപ്രചാരണം നടന്നതെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
മാനു പയനൂർ, അഖിലേഷ് നാഥ് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് താനും ഹൈദർ മധൂറും ഉറ്റസുഹൃത്തുക്കളാണെന്ന തരത്തിൽ പ്രചാരണം നടന്നതെന്നാണ് ജലീലിന്റെ ആരോപണം.
പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവർത്തകരുമായ മുജീബ് അത്താണിക്കൽ, ടി.പി. ബഷീർ എന്നിവർ തനിക്കെതിരെ വ്യാജ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും ജലീൽ പറഞ്ഞു. ഇവർ ഒരു സുഹൃത്ത് മുഖേന തന്നെ ബന്ധപ്പെട്ടിരുന്നു. മാപ്പ് നൽകണോ അതോ നിയമപരമായി മുന്നോട്ടുപോകണോ എന്ന് ലീഗ് പ്രവർത്തകർ പറയട്ടെയെന്നും ജലീൽ പരിഹാസരൂപേണ കുറിച്ചു.
പ്രത്യക്ഷത്തിൽ ജോലിയോ ബിസിനസോ ഇല്ലാതെ ആഡംബര ജീവിതം നയിക്കുന്നവരെ സമൂഹം ജാഗ്രതയോടെ കാണണമെന്നും ജലീൽ അഭിപ്രായപ്പെട്ടു. വിലകൂടിയ കാറുകളും വീടുകളും ഉപയോഗിച്ച് സമ്പന്നരെന്ന പ്രതീതി സൃഷ്ടിക്കുന്നവരിൽ രാഷ്ട്രീയ പ്രവർത്തകരും വ്ലോഗർമാരും ചാരിറ്റി പ്രവർത്തകരും ആത്മീയതയുടെ മറവിൽ പ്രവർത്തിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മയക്കുമരുന്ന് കച്ചവടം, വട്ടിപ്പലിശ, ബിസിനസിന്റെ പേരിൽ പണം തട്ടൽ, ഫണ്ട് തട്ടിപ്പ്, വൻലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിക്കൽ തുടങ്ങിയവയാണ് ഇത്തരക്കാർ പണം സമ്പാദിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളെന്നും ജലീൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മീഡിയാ ഉപദേഷ്ടാക്കളായാലും, പി.കെ. ഫിറോസ് എംഎൽഎയുടെ സഹോദരനായാലും, ഹൈദർ മധൂറായാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.




