മലപ്പുറം ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു. പുതുതായി രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏലംകുളം കോരക്കുത്ത് നടന്ന വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. വിവാഹവീടും വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയുമാണ് രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെനിന്ന് ഭക്ഷണം കഴിച്ച 114 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതും ആശങ്കയുയർത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.




