ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വീണ്ടും മിന്നൽ പ്രതിഷേധങ്ങൾ ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കാനാണ് ആലോചന. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ ചായസൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.
ഡൽഹിയിലുള്ള പ്രവർത്തകസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, എംപിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
പാർലമെന്റിന്റെ അടുത്ത സമ്മേളനം ആരംഭിക്കുന്നതിന് മുൻപുതന്നെ വിഷയം ദേശീയതലത്തിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും നീക്കം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും.




