ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ പ്രതിയായ ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന മൈലക്കര സ്വർണക്കോട് സ്വദേശി ഷാജി (41) ആണ് പിടിയിലായത്. രണ്ട് മാസമായി ഒപ്പം താമസിച്ചിരുന്ന കള്ളിക്കാട് മൈലക്കര സ്വദേശിനി നിഷയ്ക്കാണ് (42) മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കാട്ടാക്കടയ്ക്ക് സമീപം ഇടവച്ചാലിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന നിഷയെ മദ്യലഹരിയിലെത്തിയ ഷാജി ചുവരിനോട് ചേർത്തുനിർത്തി മർദ്ദിക്കുകയും തല സിറ്റൗട്ടിൽ ഇടിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിഷയുടെ തലയുടെ പിൻഭാഗത്ത് പൊട്ടലും ആഴത്തിലുള്ള മുറിവുമേറ്റു. ഗുരുതരമായി പരിക്കേറ്റ നിഷയെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിഷ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഷാജിയുടെ മദ്യപാനം നിഷ വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്റെയും ആര്യനാട് സി.ഐ സജിൻ ലൂയിസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാർഡാം എസ്.ഐ ഷിജു എസ്.എസ്, സി.പി.ഒമാരായ രാജേഷ്, അരുൺ, ഷംനാദ്, ബിനു, ദീപു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാട്ടാക്കട, കള്ളിക്കാട്, നെയ്യാർഡാം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലുമായി നാൽപ്പതിലധികം കേസുകളിൽ പ്രതിയാണ് തോക്ക് ഷാജിയെന്ന് പോലീസ് അറിയിച്ചു.




