സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം ‘സീൻ’ലെ നസ്‌ലന്റെ ക്യാരക്ടർ ടീസർ പുറത്ത്. ചിത്രത്തിൽ ഈശ്വരൻ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ അവതരിപ്പിക്കുന്നത്. വ്യത്യസ്തവും രസകരവുമായ കഥാപാത്രത്തിന്റെ സ്വഭാവം പരിചയപ്പെടുത്തുന്നതാണ് ടീസർ.
ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു.
സ്റ്റൈലിഷ് ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഇമ്പരാജ് ഐ.പി.എസ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ എത്തുന്നത്. നസ്രിയ നസീമും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിനീത് അഗസ്റ്റ്യനും എഡിറ്റിങ് അജ്മൽ സാബുവും നിർവഹിക്കുന്നു. സൂര്യയുടെ മാസ് രംഗങ്ങളും നർമവും കോർത്തിണക്കിയുള്ള അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. വമ്പൻ റിലീസായി കേരളത്തിലും ചിത്രം പ്രദർശനത്തിനെത്തും.




