തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രചരിപ്പിച്ചത് വിവാദത്തിൽ. ടൈൽ പണിക്കായി എത്തിയ കരാറുകാരാണ് ഓഫീസുകളുടെ ഉൾഭാഗമടക്കം ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചത്. മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നിർമാണം നടക്കുന്ന കായികഭവൻ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ അകത്തളങ്ങളും റീൽസിലുണ്ട്. ഉദ്യോഗസ്ഥർക്ക് പോലും ചിത്രങ്ങളെടുക്കുന്നതിന് കർശന നിയന്ത്രണമുള്ള സ്ഥലത്ത് ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ കമ്പനിയെ വിവരമറിയിച്ച് വീഡിയോ പിൻവലിപ്പിക്കുകയായിരുന്നു. വിഷയം രാഷ്ട്രീയമായി കാണരുതെന്നും അറിയിപ്പ് ലഭിച്ച ദിവസം തന്നെ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച വ്യക്തി അഭ്യർഥിച്ചു. ദൃശ്യങ്ങൾ ഷെയർ ചെയ്തവരോടും അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റ സമയത്ത് സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ റീൽസ് ചിത്രീകരിച്ചതും നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ തുടർനടപടികൾ എന്തുണ്ടാകുമെന്നതാണ് ഇനി ശ്രദ്ധേയം.




