കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി ചിരട്ടക്കൽ വീട്ടിൽ മിനിമോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടി സ്വീകരിച്ചത്. പ്രതി താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് ഇലക്ട്രോണിക് ത്രാസും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി കണ്ടെത്തിയത്.
കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു മിനിമോൾ. ഇവർക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയെക്കുറിച്ചും രാസലഹരിയുടെ ഉറവിടം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനും അന്വേഷണം നടത്തുന്നുണ്ട്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐ ആർ.ബി. റോഷ്നി, എ.എസ്.ഐമാരായ പി.എസ്. സലിം, കെ.എം. അനീഷ്, കെ.എ. അനസ് എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




