വയനാട് കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സ്കൂളിലെ കിണറ്റിലെ വെള്ളത്തിലും ഫിൽട്ടർ ചെയ്ത കുടിവെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വാട്ടർ അതോറിറ്റിയുടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്.
സ്കൂളിലെ കുടിവെള്ളം ഉപയോഗിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 71 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.
കുടിവെള്ളത്തിലെ ബാക്ടീരിയ സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും പ്രതിരോധ നടപടികളും ആവശ്യമായിരിക്കുകയാണ്.




