അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ‘ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നു’ എന്നായിരുന്നു ദീപ്‌കെയുടെ എക്സിലെ പരിഹാസക്കുറിപ്പ്.
ഇന്ത്യയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളാണ് പരിഹാസത്തിന് പിന്നിൽ. അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിജെപി നേതാവ് അശുതോഷ് റാങ്കയുടെ കുറിപ്പിന് മറുപടിയായാണ് ദീപ്‌കെയുടെ പ്രതികരണം. ജനങ്ങൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റം നടത്തിയെന്ന വാർത്തകൾ രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.




