തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആന്ധ്രാ തീരത്ത് തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതും ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് മേഖലകളിലെ ചക്രവാതച്ചുഴികളുമാണ് മഴയ്ക്ക് കാരണമാകുന്നത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ പത്തനംതിട്ടയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന വിലക്ക് തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.




