തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി പശുവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ പശുവിനെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജീവനോടെ പുറത്തെടുത്തത്.
വെണ്ണിയൂർ വടക്കരികത്ത് വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി പത്തരയോടെയാണ് പൂർത്തിയായത്.
വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സേന ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ കുഴിയിലിറങ്ങി ദൗത്യത്തിൽ നേരിട്ട് പങ്കാളിയായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി ജി.പി.യുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം നാട്ടുകാരും സിവിൽ ഡിഫൻസ് വളന്റിയർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ ജീവനോടെ പുറത്തെടുക്കാനായത് ഉടമയ്ക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി.




