കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ശിവന്റെ ഭാര്യ രജനി അമ്മയുടെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ രജനിയുമായും ശ്യാമളയുമായും തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇരുവരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അയൽവീട്ടിലേക്ക് ഓടി. പിന്നാലെയെത്തിയ ശിവൻ തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ശ്യാമളയ്ക്ക് അടിയേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമളയെ ആദ്യം ഭരണിക്കാവിലെയും തുടർന്ന് അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




