പുതുക്കാട് എ.ടി.എം കൗണ്ടറിൽ കട്ടർ ഉപയോഗിച്ച് മോഷണശ്രമം നടത്തിയ കേസിൽ യൂബർ ടാക്സി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ പുതുക്കാട് എ.ടി.എം കൗണ്ടറിൽ കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലൂർ കോട്ടായി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിൻ (30) ആണ് പോലീസിന്റെ പിടിയിലായത്. ഒക്ടോബർ 30-ന് പുലർച്ചെ നടന്ന മോഷണശ്രമത്തിൽ ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്.

ആർഭാടജീവിതത്തിനായി കടം വാങ്ങി ധൂർത്തടിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് മോഷണശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. യൂബർ ടാക്സി ഡ്രൈവറായ ജിതിൻ ലോൺ ആപ്പുകൾ വഴിയും നാട്ടുകാരിൽനിന്ന് പലിശയ്ക്കും പണം വാങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സമാനമായ മോഷണരീതികൾ പരിശോധിച്ച ശേഷമാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. കൂടുതൽ എ.ടി.എമ്മുകൾ കൊള്ളയടിക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. മോഷണശ്രമത്തിന് മൂന്ന് ദിവസം മുൻപ് ഇതേ എ.ടി.എം കൗണ്ടറിൽനിന്ന് ഇയാൾ പണം പിൻവലിച്ചിരുന്നു.

സംഭവദിവസം കാർ എതിർവശത്തെ പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ട ശേഷം വസ്ത്രം മാറി ഹെൽമെറ്റും മാസ്കും ധരിച്ചാണ് പ്രതി എ.ടി.എം കൗണ്ടറിലെത്തിയത്. തുടർന്ന് കൗണ്ടറിലെയും മെഷീനിലെയും നിരീക്ഷണ ക്യാമറകളിൽ സ്പ്രേ ചെയ്ത ശേഷം കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർക്കാൻ ശ്രമിച്ചു. എന്നാൽ കട്ടറിന്റെ രണ്ട് ബ്ലേഡുകൾ ഒടിഞ്ഞതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ആദ്യം വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതിരുന്ന കേസിൽ ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. സംസ്ഥാനത്തെ എ.ടി.എം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. എന്നാൽ കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് പ്രതി പ്രൊഫഷണൽ മോഷ്ടാവല്ലെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. തുടർന്ന് എ.ടി.എം കൗണ്ടറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പുതുക്കാട് പോലീസിനൊപ്പം ഡാൻസാഫ്, ഷാഡോ പോലീസ് സംഘങ്ങളും ചേർന്നാണ് ജിതിനെ പിടികൂടിയത്. ചാലക്കുടി ഡിവൈ.എസ്.പി ജെ. കുരിയാക്കോസാണ് അന്വേഷണവിവരങ്ങൾ അറിയിച്ചത്.

Related news

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിനെതിരായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ...

ഗ്യാന്വേഷ് കുമാറിനെതിരെയുള്ള അഴിമതി ആരോപണം: വിജിലൻസ് അന്വേഷണം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക...

ആലപ്പുഴ കെ.എസ്. ഷാൻ വധക്കേസ് വിചാരണ നവംബർ 20-ലേക്ക് മാറ്റി; പ്രതിഭാഗത്തിന്റെ അഡ്ജേൺമെന്റ് ഹർജി അംഗീകരിച്ചു

ആലപ്പുഴ കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികൾ നീട്ടിവെച്ചു. നവംബർ 20-ലേക്കാണ്...

പാങ്ങാപ്പാറ അഭിറാം വധം: മുഖ്യപ്രതിയുടെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ; തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പോലീസ്

തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലപാതകക്കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ....

വയനാട് കൽപറ്റ സെന്റ് ജോസഫ്സ് സ്കൂൾ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

വയനാട് കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്കൂളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ...