തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലപാതകക്കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണത്തെ വഴിതെറ്റിക്കാനും ഐശ്വര്യ കൂട്ടുനിന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുഖ്യപ്രതി ഉമറിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റവും ഐശ്വര്യയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽത്തന്നെയുണ്ടായിരുന്നെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൊലപാതകം നടക്കുന്ന സമയം വരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.
കേസിലെ രണ്ടാം പ്രതിയായ ഉമർ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടയാളാണ്. ഒന്നാം പ്രതിയായ പതിനേഴുകാരൻ മോഷണക്കേസിലും പ്രതിയായിരുന്നു. ഐശ്വര്യയുടെ അറസ്റ്റോടെ അഭിറാം കൊലപാതക്കേസിൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.




