കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തുനിന്ന് പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്തിനെയാണ് കളമശ്ശേരിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18ന് ബേഡകം ചെമ്പക്കാട് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ താലിമാല ബൈക്കിലെത്തി കവർന്ന കേസിലാണ് പ്രതിക്കെതിരെ വാറണ്ടുണ്ടായിരുന്നത്.
മാല പൊട്ടിച്ചെടുക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ ഹാജരാകാതെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
കാസർകോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും മുഹമ്മദ് അറാഫത്ത് പ്രതിയാണ്.
ബേഡകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




