ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരു ശ്രീരാമപുരത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. രണ്ട് ദിവസങ്ങളിലായാണ് ഭാര്യയുടെ കുടുംബാംഗങ്ങളായ ഏഴുപേരെ ശേഖർ എന്ന കാബ് ഡ്രൈവർ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രാജാജിനഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഇരുപത് വർഷം മുൻപാണ് ശേഖറും സുനിതയും വിവാഹിതരായത്. സുനിത സ്വന്തം വീട്ടിലേക്ക് സ്ഥിരമായി പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. പ്രശ്നപരിഹാരത്തിനായി കുടുംബാംഗങ്ങൾ ഇടപെട്ടെങ്കിലും തർക്കം അവസാനിച്ചില്ല. ഭാര്യയ്ക്ക് അമ്മയുടെയും സഹോദരന്മാരുടെയും പിന്തുണ ലഭിക്കുന്നതാണ് ശേഖറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആദ്യം ഭാര്യ സുനിതയെ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു. സംശയം തോന്നാതിരിക്കാൻ സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ഭാര്യ യാത്ര പോയിരിക്കുകയാണെന്ന് അയൽക്കാരോട് പറയുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ എന്നിവരെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തി. തുടർന്ന് ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപാവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി.

നളിനിയുടെ അമ്മ കഴിഞ്ഞ വ്യാഴാഴ്ച ശ്രീരാമപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ കാണാനില്ലെന്ന പരാതിയാണ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന അമ്മിക്കല്ലും പൊലീസ് കസ്റ്റഡിയിലെടുത്തു.

നന്ദി ഹിൽസിന് സമീപം നടത്തിയ തിരച്ചിലിൽ ഏഴുവയസ്സുകാരനായ പുനീതിന്റെ മൃതദേഹം കണ്ടെത്തി. ചിക്ക്ബെല്ലാപ്പൂരിലെ നന്ദി ഹിൽസ്, തീരദേശ കർണാടകയിലെ ചാർമാഡി ഘട്ട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ജനവാസ മേഖലയിലെ വീട്ടിൽ ഇത്രയധികം കൊലപാതകങ്ങൾ നടന്നിട്ടും അയൽവാസികൾ സംഭവം അറിയാതിരുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കൊലപാതകങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കുടുംബവഴക്കിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നാണ് പ്രതി ശേഖർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related news

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,960 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

അഭിറാം കൊലപാതകം: മൃതദേഹം മാറ്റാനുള്ള നീക്കം കനത്ത മഴയിൽ പാളി; ഗൂഢാലോചനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ...

അമ്പലപ്പുഴയിൽ ബ്യൂട്ടി പാർലറിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിൽ എ.സി...