ഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ ബംഗ്ലാദേശിന് മുന്നിൽ രണ്ട് നിബന്ധനകൾ വെച്ച് ഇന്ത്യ. ഹസീനയുടെ സുരക്ഷയും നീതിയുക്തമായ വിചാരണയും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശ് സൈന്യം സ്വന്തം വിമാനവുമായി ഇന്ത്യയിലെത്തി പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹസീനയെ കൊണ്ടുപോകണമെന്നാണ് ഇന്ത്യയുടെ പ്രധാന നിർദേശം. കൂടാതെ, വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനും നീതിയുക്തമായ വിചാരണ ഉറപ്പാക്കാനും ഹസീനയ്ക്ക് അവസരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം.
ഇന്ത്യയുടെ ഈ നിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ബി.ബി.സി ബംഗ്ലയാണ് പുറത്തുവിട്ടത്. ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാകാതെ വിഷയം കൈകാര്യം ചെയ്യുന്നതിനൊപ്പം ഹസീനയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന നിലപാടിലാണ് ഇന്ത്യയെന്നാണ് റിപ്പോർട്ട്.
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന അതേ വർഷം ഓഗസ്റ്റ് മുതൽ ഇന്ത്യയിലാണ് കഴിയുന്നത്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരായ വെടിവെപ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാർക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ബംഗ്ലാദേശിലെ കോടതി അവർക്കെതിരെ കണ്ടെത്തിയത്.
പ്രക്ഷോഭം ശക്തമായതോടെ അധികാരം ഉപേക്ഷിച്ച ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഹസീനയെ തിരിച്ചയക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യവും ഇന്ത്യയുടെ സുരക്ഷാ-നയതന്ത്ര പരിഗണനകളും ഇപ്പോൾ നിർണായക ഘട്ടത്തിലാണ്.




