പാലക്കാട്: കള്ളനെ പേടിച്ച് ഭാര്യ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച സ്വർണം അറിയാതെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ. പട്ടാമ്പിയിലാണ് കൗതുകകരമായ സംഭവം.
പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിലാണ് സംഭവം. ഇരുവരും ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനായിരുന്നു ബീനയുടെ നീക്കം. ഇതിനായി ഭർത്താവിന്റെ പഴയ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു.
എന്നാൽ ഇക്കാര്യം അറിയാതിരുന്ന ജോൺ, വീട്ടിലെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പഴയ ഷൂസ് കൈമാറി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബീന ഷൂസ് കാണാതായതോടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
തുടർന്ന് സ്വർണം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനുശേഷം ഹരിതകർമ്മ സേനാംഗങ്ങൾ സ്വർണം കണ്ടെത്തുകയായിരുന്നു. വിലപ്പെട്ട സ്വർണം സുരക്ഷിതമായി ഉടമയ്ക്ക് തിരിച്ചുനൽകിയതോടെ ആശ്വാസത്തിലായി കുടുംബം.




