മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും വ്യാപക പരിശോധന നടത്തി. പത്തോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വ നിർദേശങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രദേശത്ത് പുതിയ ഷിഗെല്ല കേസുകളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം വരാനിരിക്കുകയാണ്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.




