തിരുവനന്തപുരം: വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ്. തമിഴ്നാട് നാഗർകോവിൽ സ്വദേശി റിസ്വിനാണ് കേസിലെ പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്.
വർക്കല പാപനാശം ബീച്ചിന് സമീപത്തെ അപ്പാർട്ട്മെന്റിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് റിസ്വിനുമായി പരിചയപ്പെട്ടത്.
സെപ്റ്റംബർ 26ന് വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ ലുലു മാളിന് സമീപത്തുനിന്ന് കാറിൽ കയറ്റി അപ്പാർട്ട്മെന്റിലെത്തിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് മദ്യം നൽകിയ ശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
റിസ്വിന്റെ സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറിലുണ്ടായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീകൾക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
റിസ്വിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ്, സംഭവത്തിൽ സുഹൃത്തുക്കളുടെ പങ്കും പരിശോധിച്ചുവരികയാണ്.




