മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സൂപ്പർവൈസറി വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസ് അറിയിച്ചു. മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാനും മന്ത്രി കെഎസ്ഇബിക്ക് നിർദേശം നൽകി.
സംസ്ഥാനത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും അടിയന്തര പരിശോധന നടത്തും. കെഎസ്ഇബി ജീവനക്കാർ പട്രോളിങ് നടത്തി അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തും. പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കും. സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളടക്കമുള്ള പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി വിതരണ സംവിധാനങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.




