ഡൽഹി: രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹരെന്ന് കേന്ദ്രസർക്കാരിന്റെ പഠന റിപ്പോർട്ട്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കുടുംബങ്ങളും സൗജന്യ റേഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.
2025-26 സാമ്പത്തിക വർഷത്തിൽ 51,303 ഗുണഭോക്തൃ കുടുംബങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകൾ, കാർ, എയർ കണ്ടീഷണർ, സർക്കാർ ജോലി തുടങ്ങിയവയുള്ള കുടുംബങ്ങളും അനർഹരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ അനർഹ ഗുണഭോക്താക്കൾ. 39.5 ശതമാനമാണ് ഇവിടെ അനർഹരുടെ നിരക്ക്. ത്രിപുരയിൽ 39.2 ശതമാനവും തമിഴ്നാട്ടിൽ 38.7 ശതമാനവുമാണ് കണക്ക്.
ഗ്രാമീണ മേഖലയിൽ 12.5 ശതമാനവും നഗരമേഖലയിൽ 15.6 ശതമാനവും അനർഹരുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
അനർഹരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അർഹരായവരെ കണ്ടെത്തുന്നതിനും ഗുണഭോക്തൃ പട്ടിക കൃത്യമായി പുതുക്കുന്നതിനും കൂടുതൽ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.




