തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മൂന്ന് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അപകടസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പകൽ സമയത്ത് തന്നെ മാറിത്താമസിക്കാൻ തയ്യാറാകണമെന്നും നിർദേശമുണ്ട്.
വെള്ളക്കെട്ട് പതിവായി രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വീടുകളുടെ മേൽക്കൂരയും പരിസരത്തെ മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ, പരസ്യബോർഡുകൾ എന്നിവയും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
മഴ ശക്തമാകുന്ന സമയത്ത് നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്. നദികൾ മുറിച്ചുകടക്കുന്നതും മീൻപിടിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം. മലയോര മേഖലകളിലെ രാത്രിയാത്ര പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും വേണം.
ദുരന്തസാധ്യതാ മേഖലകളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണാൽ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം. അപകടകരമായ വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കണം.
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.




