സര്‍ക്കാര്‍ ജോലി എന്ന ഒറ്റലക്ഷ്യത്തിനൊപ്പം തന്റെ ഇഷ്ടപ്പെട്ട പാഷനിലേക്കുള്ള യാത്രയിലേക്ക് അടുക്കുന്ന എത്ര പേരുണ്ടാകും നമ്മുടെയിടയിൽ എങ്ങനെ എണ്ണിയാലും നമ്മുടെ രണ്ടു കയ്യിലെയും വിരലുകളുടെ അത്രയും എണ്ണം പോലും വരില്ല അത്. എന്നാല്‍, നമ്മുടെ കേരള ആരോഗ്യ വകുപ്പില്‍ അങ്ങനെ ഒരാളുണ്ട്. ഇപ്പോള്‍ വളാഞ്ചേരി, നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നസ്രുദ്ദീന്‍ എന്ന കുറ്റിപ്പുറത്തുകാരന്‍. രണ്ടു ബിരുദവും രണ്ടു ബിരുദാനന്തര ബിരുദവും പുറമേ അധ്യാപന യോഗ്യതയായ ബി.എഡും അധിക യോഗ്യതയായി യുജിസി നെറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അഥവാ ജെആര്‍എഫ്, ഒരു സെറ്റ്, കെ-ടെറ്റ് . ഇത്രയും വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും അധ്യാപക റാങ്ക് ലിസ്റ്റിലും ഉള്‍പെട്ട നസറുദ്ദീന്‍ നിലവിൽ ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍ ജോലിയിലാണ് എട്ടുവര്‍ഷം മുന്‍പ് ആരോഗ്യ വകുപ്പില്‍ ഡ്രൈവറായി ജോലിക്കു കയറിയ നസറുദ്ദീന്‍ മലപ്പുറം ജില്ലയിലെ പല ആരോഗ്യ കേന്ദ്രങ്ങളില്‍ ഡ്രൈവറായി സേവനമനുഷ്ടിച്ച് ഇപ്പോള്‍ വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലും ഡ്രൈവറും ഓഫീസ് അസിസ്റ്റന്റുമായി സേവനം അനുഷ്ടിക്കുന്നു.
കുറ്റിപ്പുറം ചെമ്പിക്കല്‍ പകരനെല്ലൂര്‍ സ്വദേശിയാണ് നസറുദ്ദീന്‍. മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞ് മലപ്പുറം കാടഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താൽക്കാലിക അധ്യാപകനായി ജോലി ചെയ്യവേയാണ് നസറുദ്ദീന് പിഎസ്.സി വഴി 2017-ല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. സര്‍ക്കാര്‍ ജോലി എന്നത് മുന്‍പേ തന്നെ മനസ്സില്‍ കയറിക്കൂടിയിരുന്ന നസറുദ്ദീന്‍ അതിനായി ആത്മാര്‍പ്പണത്തോടെ തന്നെ പരിശ്രമിച്ചു കൊണ്ടിരുന്നു. അധ്യാപകനാകുക എന്നതായിരുന്നു ബിരുദ പഠന കാലത്തെ ഏറ്റവും വലിയ പാഷന്‍. ആ പാഷനു പുറകേ പോകുമ്പോഴാണ് പിഎസ്.സി എന്ന മാസ്മരിക സ്വപ്‌നത്തിന്റെ മായാവലയത്തിലേക്ക് ഏതൊരു ഇടത്തരക്കാരനെയും പോലെ നസറുദ്ദീനും ആകൃഷ്ടനാകുന്നത്. ഇതിനിടയില്‍ ഗവേഷകനുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും ലഭിച്ചിരുന്നു. വൈകാതെ തന്റെ ആത്മാര്‍പ്പണത്തിനുള്ള പ്രതിഫലമെന്നോണം ആരോഗ്യ വകുപ്പില്‍ ഡ്രൈവറായി ജോലി കിട്ടി. തന്റെ വിദ്യാഭ്യാസയോഗ്യതകള്‍ക്കെല്ലാം അപ്പുറത്ത്, യുജിയുടെയും പിജിയുടെയും ബിഎഡിന്റെയും നെറ്റും സെറ്റും ജെആര്‍എഫും അടക്കമുള്ളവയുടെയും വര്‍ണത്തിളക്കം ഒന്നും അവിടെ നസറുവിനെ പിന്നോക്കം വലിച്ചില്ല. ആരോഗ്യ വകുപ്പിന്റെ വളയം തിരിക്കാന്‍ ഇറങ്ങിത്തിരിച്ചു.
ഒരു ഡസനിലധികം പിഎസ്.സി റാങ്ക് ലിസ്റ്റുകളില്‍ ഇന്ന് നസറുദ്ദീന്റെ പേരുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലെ ഹൈസ്‌കൂള്‍ അദ്ധ്യാപക റാങ്ക് ലിസ്റ്റുകളിലും കോളജ് ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റായ കോമണ്‍ പൂള്‍ ലൈബ്രേറിയന്‍ ലിസ്റ്റിലും നസറുദ്ദീന്റെ പേരുണ്ട് . മലപ്പുറം മഅദിന്‍ കോളജിലും, പേരശന്നൂര്‍ ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും പൂര്‍ത്തിയാക്കി അധ്യാപകനായി. പുറകെ സര്‍ക്കാര്‍ സര്‍വീസിലേക്കും. അപ്പോഴും പഠനം അവസാനിപ്പിക്കാതിരുന്ന നസറു, ആരോഗ്യ വകുപ്പിലെ ജോലിക്കിടെയാണ് മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി ലൈബ്രറി സയന്‍സ് ബിരുദം എടുക്കുന്നത്. സമാനമായി അണ്ണാമലൈ സര്‍വകലാശാലയില്‍ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തവരാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവര്‍ ജോലി ചെയ്യുക എന്ന പൊതുബോധത്തെ തച്ചുടച്ച മനുഷ്യനാണ് നസറുദ്ദീന്‍. തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ഒരിക്കലും തന്റെ ഡ്രൈവര്‍ ജോലിക്ക് ഒരു ഭാരമായി അദ്ദേഹത്തിനു തോന്നിയിട്ടില്ല. ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്ന, പഠിച്ചിട്ടും പഠനം അവസാനിക്കാത്ത, എത്ര റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടും പിഎസ്.സിക്കായുള്ള ശ്രമങ്ങള്‍ അവസാനിക്കാത്ത ഒരു സ്ഥിരോത്സാഹി. അതാണ് ആദ്യത്തെ വരിയില്‍ കുറിച്ചത്, വ്യത്യസ്തനാമൊരു ഡ്രൈവറാം നസ്‌റുവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…!
ജംഷീര്‍ എം.പി
ചീഫ് സബ് എഡിറ്റര്‍
ഇ-ചാനല്‍ ന്യൂസ് വളാഞ്ചേരി




