കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവ് കല്യാൺ ബാനർജിയും വിമത പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. പാർട്ടിയിൽ മമതയുടെ പിൻഗാമിയായി ഉയർത്തിക്കാട്ടുന്ന അഭിഷേക് ബാനർജി വേണോ അതോ തങ്ങളെപ്പോലുള്ള മുതിർന്ന നേതാക്കൾ വേണോ എന്ന് മമത തീരുമാനിക്കണമെന്ന അന്ത്യശാസനവുമായി കല്യാൺ ബാനർജി രംഗത്തെത്തി.
അഭിഷേക് ബാനർജി തൃണമൂൽ കോൺഗ്രസിനെ നശിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഹങ്കാരം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കല്യാൺ ബാനർജി തുറന്നടിച്ചു. പാർട്ടിയിൽ വലിയ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് മമതയെ പ്രതിരോധത്തിലാക്കി കല്യാൺ ബാനർജിയുടെ ഈ നീക്കം.
രാജ്യസഭയിൽ തൃണമൂൽ തകരുന്നു; എംപിമാർ ബിജെപിയിലേക്ക്?
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് രാജ്യസഭാ എംപിമാരാണ് തൃണമൂലിൽ നിന്ന് രാജിവെച്ചത്. പ്രകാശ് ചിക് ബറൈക്കാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവരും എംപി സ്ഥാനം രാജിവെച്ചിരുന്നു. മൂന്ന് പ്രമുഖ നേതാക്കളുടെ രാജിയോടെ രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ അംഗസംഖ്യ 13-ൽ നിന്ന് 10 ആയി ചുരുങ്ങി.
രാജിവെച്ച മൂന്ന് നേതാക്കളും ഉടൻ തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘ബംഗാളിലെ ജനവിധി മാനിക്കുന്നു’ എന്നായിരുന്നു രാജിക്ക് ശേഷം പ്രകാശ് ചിക് ബറൈക്കിന്റെ പ്രതികരണം.
ലോക്സഭയിലും മമതയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്നു
ലോക്സഭയിലും മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. തൃണമൂലിന്റെ ആകെയുള്ള 28 ലോക്സഭാ എംപിമാരിൽ 20 പേരും നിലവിൽ വിമത പക്ഷത്താണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന വിമത എംപിമാരുടെ ആവശ്യം ലോക്സഭാ സ്പീക്കർ അംഗീകരിച്ചേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ ലോക്സഭയിലും മമതയ്ക്ക് ഭൂരിപക്ഷ നേതാക്കളുടെ പിന്തുണ നഷ്ടമാകും.
സോണിയയുടെ ക്ഷണം നിഷേധിച്ച് കോൺഗ്രസും ടിഎംസിയും
അതിനിടെ, പ്രതിസന്ധിയിലായ മമതാ ബാനർജിയെ കോൺഗ്രസിലേക്ക് സോണിയ ഗാന്ധി ക്ഷണിച്ചുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ കോൺഗ്രസും ടി.എം.സിയും തള്ളി. സോണിയാ ഗാന്ധിയും മമതയും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്ത ഒരു സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചതിന് ശേഷം മമത ബാനർജി നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് നിലവിൽ കൊൽക്കത്ത സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.




