സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത ശക്തമാകുന്നു. കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് അധികൃതർ.
കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിൽ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധയുടെ പശ്ചാത്തലത്തിൽ കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീണിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായാണ് യോഗം സംഘടിപ്പിക്കുന്നത്.
പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ശുചിത്വം പാലിക്കണമെന്നും തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരിൽ പനി ബാധിച്ച് മരിച്ച 43-കാരനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരനും ഷിഗെല്ല ബാധ സ്ഥിരീകരിച്ചിരുന്നു.
ഈ വർഷം സംസ്ഥാനത്ത് 110-ലധികം പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സംസ്ഥാനത്ത് രോഗസാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത തുടരുകയാണ്.




