ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 10 യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കും നിസാര പരിക്കേറ്റു. ഫൂക്കറ്റ്–ഡൽഹി സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എ.ഐ. 2379 വിമാനമാണ് പ്രതിസന്ധിയിലായത്.
മോശം കാലാവസ്ഥയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ടെങ്കിലും വിമാനം രാവിലെ 11 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സമഗ്ര അന്വേഷണം ആരംഭിച്ചു.
134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ശക്തമായ കുലുക്കത്തെ തുടർന്ന് വിമാനത്തിന്റെ ഉൾവശത്ത് ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
ലാൻഡിങ്ങിന് പിന്നാലെ പരിക്കേറ്റ യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 10 യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഡി.ജി.സി.എ. നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.




