കൽപ്പറ്റ: വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ബുധനാഴ്ച, ഓഗസ്റ്റ് 5) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകളും റെസിഡൻഷ്യൽ കോളേജുകളും പതിവുപോലെ പ്രവർത്തിക്കും.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അറിയിച്ചു.
ചുരങ്ങളിലൂടെയുള്ള യാത്രകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും അത്തരം യാത്രകളിലും പരമാവധി ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.




